Friday 17 February 2012

നിലാമഴകള്‍


"മിഴിനീര്‍ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോള്‍ 
അവള്‍  പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തില്‍
താനും ഒലിച്ചുപോകുമെന്ന്"
                     _നീസ വെള്ളൂര്‍ 


മരിക്കുന്നതിനു മുന്‍പ്‌ അവള്‍ എഴുതിയ അവസാന കവിത... "ഒഴുക്ക് "
മരണ ശേഷം ആണ് ഈ കുഞ്ഞിനെ പറ്റി അറിഞ്ഞതും, അവളുടെ കവിതകള്‍ വായിക്കുന്നതും.. ഒരു പക്ഷെ അങ്ങനെ ഒരു ഒലിച്ചു പോക്ക് അവള്‍ പ്രതീക്ഷിചിട്ടുണ്ടാവാം, ... ബ്ലോഗില്‍ ഈ കവിത പോസ്റ്റ്‌ ചെയ്തു മണിക്കൂറുകള്‍ക്കകം കൂടെ ഉള്ളവരില്‍ പറയാന്‍ എന്തൊക്കെയോ ബാക്കി വെച്ച്.. വേദനകളുടെ ഈ ലോകത്ത് നിന്നും അവള്‍ യാത്രയായി.. ഇനി അവള്‍ക്കു വേദനകള്‍ ഇല്ല, ഭൂമിയില്‍ അവളെ സ്നേഹിക്കുന്ന ഒരുപാട് പേരെ കണ്ടു അവള്‍ സന്തോഷിക്കുന്നുണ്ടാവും.. അല്ലാഹുവേ, ഈ ഭൂമിയില്‍ നീ അവള്‍ക്കു നിഷേധിച്ച എല്ലാ സന്തോഷവും കൊടുത്തു അവളെ സ്വര്‍ഗ്ഗ പൂങ്കാവില്‍ എത്തിക്കണമേ... നാളെ ഞങ്ങളെയും അവള്‍ക്കൊപ്പം സ്വര്‍ഗത്തില്‍ ഒന്നിച്ചു കൂട്ടണെ...

നീസയുടെ കവിതകള്‍.. 

ഒഴുക്ക്

മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്

ബാക്കിപത്രം

നഷ്ടജന്മങ്ങൾ നിലവിളിക്കുന്നുവോ
കാലനാം കീടനാശിനിയെ
കഥാവശേഷമാക്കാൻ

പിഞ്ചുബാല്യങ്ങളെ-
പ്പാടേ തളർത്തിയ ക്രൂരകർമ്മം
കിരാതന്മാർ വിതച്ചഫലം

നികൃഷ്ടമതേ ഭീകരവും
മഹാദുരന്തമായ്
ബാക്കിപത്രം പോൽ.

പിഞ്ചുമുഖങ്ങൾക്ക്
നഷ്ടമായത് സ്വപ്നങ്ങൾ
സ്വസ്ഥമായ ഭാവിയും

വിഷദർശനം

തമസ്സിഴഞ്ഞ വീഥികളുടെ രോദനം
ഏതുതപസ്സിനാൽ മാറ്റും
കരൾപിടയുംനിലവിളികൾ
ഏതുസാന്ത്വനത്താലലിയും
കണ്ടിട്ടും കാണാതെ
പുറംതിരിയുവോൻ മർത്യനോ
നിഴലായ്, മരണത്തിന്റെ കാലൊച്ച
പതുങ്ങിയെത്തുന്നനാൾ
നാവിലിറ്റിത്തരുംരണ്ടുതുള്ളിയും
കീടനാശിനിതന്നെയാവാം

ചെറുത്തുനിൽപ്പ്

ഇന്നലെഞാൻ
വഴിതടഞ്ഞിട്ട പാതകളിൽ
ചിതലരിക്കുന്ന ആത്മദാഹവുമായ്
മൗനനൊമ്പരങ്ങൾക്ക്
കൂട്ടിരിക്കുകയായിരുന്നു

പക്ഷേ... ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു

ആത്മസൌഖ്യം

ഞാന്‍ തിരയുന്നു
തേടുന്നതെന്തോ ഒന്ന്
ഹിമാലയ സാനുക്കളില്‍
മഞ്ഞുപുതച്ച മലഞ്ചെരുവുകളില്‍
കലപിലകൂട്ടുമരുവികളില്‍
വിഭൂതിതേടുമാശ്രമങ്ങളില്‍
നിര്‍മ്മലഭാവമാം പിഞ്ചുകിടാങ്ങളില്‍
പടിയിറങ്ങിപ്പോയ
ജീവിതം ബാക്കിവെച്ച
ഇരുള്‍പ്പാതകളില്‍....
സ്വയമറിയാതെ നഷ്ടപ്പെട്ടതായിരുന്നു
ആ അപൂര്‍വ്വരത്നം
നശിക്കാനൊരുമ്പെടുന്ന പ്രതീക്ഷകള്‍
മടക്കയാത്രതേടവെ
ഞാന്‍ തിരിച്ചറിയുന്നു
ഞാന്‍ തേടുന്നതെന്തോ
അതെന്നില്‍ത്തന്നെയുണ്ടെന്ന്
എന്റെ ഹൃത്തില്‍ത്തന്നെയുണ്ടെന്ന്

പാഴ്‌ജന്മം

സ്വപ്നങ്ങള്‍ അന്വര്‍ത്ഥമാക്കിയ അനുഭവങ്ങള്‍
അതിലെപ്പോഴോ
കണ്ണീരായ് വര്‍ഷിച്ചതു തുഷാരബിന്ദുക്കള്‍
നീറുന്ന നോവുകള്‍
ആത്മാവിലേതോകോണില്‍
നിരാശ സ്വപ്നങ്ങളായ്
എന്നെ മാടിവിളിക്കും...
തീജ്വാലകള്‍ പോലെ
മനസ്സില്‍ ചിതറിവീഴുന്ന ദു:ഖനിശ്വാസത്തിന്
നഷ്ടസ്വപ്നങ്ങളുടെ പരിവേഷമോ..
അന്തരാത്മാവിന്‍ മര്‍മ്മരം തഴുകിയ
ഈ ജന്മവും പാഴായിത്തീര്ന്നുവെന്നോ....

പ്രണാമം

അമ്മതന്‍ വിരല്‍ത്തുമ്പില്‍ തൂങ്ങി
പള്ളിക്കൂടത്തില്‍ പോയനാള്‍
കണ്ടകാഴ്ചകള്‍
ഓര്‍മ്മകള്‍ക്ക് അമൂല്യമായത്

പുള്ളിക്കുടചൂടി, മഴയില്‍
പാടവരമ്പിലൂടെ പോകവെ
ഓമനിച്ചിരുന്നു ഞാനും
കൊച്ചു സ്വപ്നങ്ങളെ

പിഷാരടിമാഷിന്റെ ചൂരല്‍കഷായം
ഇന്നെനിക്ക് മധുരമാണ്
കള്ളമടിച്ചു നടന്ന നാളുകള്‍
ഇന്നെനിക്ക് നൊമ്പരവും

പള്ളിക്കൂടം മറന്നനാളുകള്‍
ഓര്‍മ്മകള്‍ക്കു വേദനയും
മനസ്സിന്നു നഷ്ടബോധവുമായ്
രൂപാന്തരിച്ചിരിക്കുന്നു

അക്ഷരങ്ങള്‍ പതിഞ്ഞിടത്ത്
വിരല്‍പാടും പതിഞ്ഞിരുന്നോ
വരികള്‍ നൃത്തംവച്ച നാവില്‍
മുഴക്കം നിലച്ചമട്ട്

തല്ലിയാര്‍ത്ത കുട്ടിക്കാലം
തിരികെവരില്ലല്ലോ
സ്നേഹത്തിന്‍ പാഠഭാഗങ്ങള്‍ക്ക്
അലമാരയില്‍ മയക്കം

കലാലയസ്മരണകള്‍ക്ക്
വിശ്രമിക്കാന്‍ നേരമുണ്ടാവില്ല
മനസ്സിലിഴയുമാ നാളുകള്‍ക്ക്
ഓരായിരം പ്രണാമം

ഈ കവിതകള്‍ എല്ലാം ഉള്‍പ്പെടുത്തിയ നീസയുടെ ബ്ലോഗു ലിനക്.. ഇതിലെ കമന്റ്സ് നോക്കിയാല്‍ അവളെ സ്നേഹിക്കുന്ന ഒരുപാട് പേരെ കാണാം...


നീസയുടെ മരണവാര്‍ത്ത അറിഞ്ഞു ശ്രീജിത്ത്‌ കൊണ്ടോട്ടി എഴുതിയത് 
"ഇന്ന് വൈകുന്നേരം കിട്ടിയ ഹാഷിമിന്റെ മെയില്‍ വഴിയാണ് ഈ ദുഃഖവാര്‍ത്ത അറിയുന്നത്. നീസയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിവരം ഇന്നലെ രാത്രി സാബു കൊട്ടോട്ടി അറിയിച്ചിരുന്നു. സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ കവിത ചൊല്ലി സമ്മാനം നേടിയ ആ കുഞ്ഞു കവയത്രിയുടെ പ്രതിഭ കണ്ട് അദ്ദേഹം തന്നെയാണ് അവള്‍ക്കൊരു ബ്ലോഗ്‌ ഉണ്ടാക്കികൊടുത്തതും, ബൂലോകത്തിന് പരിചയപ്പെടുത്തിയതും. എഴുത്തിനോടും, വായനയോടും അതിയായ താല്‍പര്യം സൂക്ഷിക്കുന്ന അവള്‍ക്ക് സ്വന്തമായി ഒരു ലാപ്‌ടോപ്‌ സംഘടിപ്പിച്ചു നല്‍കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ്‌ വിളിച്ചപ്പോള്‍ കൊട്ടോട്ടി ഇതേ കുറിച്ച് സൂചിപ്പിക്കുകയും, ശ്രമിക്കാം എന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കൂടാതെ നീസ എഴുതിയ നിരവധി കവിതകള്‍ അദ്ദേഹത്തിന്‍റെ കൈവശം പോസ്റ്റ്‌ ചെയ്യാനായി നല്‍കിയിട്ടുണ്ട്. കുറിച്ചുവച്ച കാവ്യശകലങ്ങളിലൂടെ ആ കുഞ്ഞുകവയത്രിയുടെ ഓര്‍മ്മകള്‍ ബൂലോകത്തില്‍ നിറഞ്ഞുനില്‍ക്കട്ടെ. എഴുതി പൂര്‍ത്തിയാകാത്ത ഒരു കവിതപോലെ, നമ്മെ വിട്ടകന്ന അക്ഷരങ്ങളെ സ്നേഹിച്ച ആ കുഞ്ഞുപെങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ബാഷ്പാഞ്ജലികള്‍ ..."



നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ 

കുഞ്ഞു ബ്ലോഗ്ഗർ നീസാ വെള്ളൂർ മരണപ്പെട്ടു. ഹാഷിമിന്റെ മെയിൽ വഴിയാണ് അത്യധികം ദു:ഖകരമായ ഈ വാർത്ത അറിഞ്ഞത്. കൊട്ടോട്ടിയിൽ നിന്നാണ് ഹാഷിമിന് നീസയുടെ മരണവിവരം അറിവായതത്രേ.

മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ ബ്ലഡ്‌ കാന്‍സര്‍ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഏറെ നാളായി രോഗാതുരയായിരുന്നെങ്കിലും ഈ കുഞ്ഞനുജത്തിയുടെ പെട്ടെന്നുള്ള മരണ വാർത്തയോട് പൊരുത്തപ്പെടാൻ മനസ്സ് വല്ലാതെ പ്രയാസപ്പെടുന്നു.

ഇന്നലെയും നിലാമഴകൾ എന്ന് പേരുള്ള അവളുടെ ബ്ലോഗിൽ പോയി കവിതകൾ വായിച്ച് കമന്റിട്ടതാണ്. എന്നിട്ട് പിറ്റേന്നുതന്നെ ആ പൊന്നുമൊളെ മരണം കൊണ്ടുപോയി എന്നറിയുമ്പോൾ അങ്ങനെയൊരു അപ്രിയ സത്യത്തെ എങ്ങനെയാണ് ഒന്ന് ഉൾക്കൊള്ളാവാവുക! മരണം ഒരു മിഥ്യയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്.

എല്ലാവരെയും പോലെ അവൾക്കും ഉണ്ടായിരുന്നിരിക്കുമല്ലോ ഓരായിരം വർണ്ണ സ്വപ്നങ്ങൾ. ഇനിയും ഓരായിരം കവിതകൾ രചിക്കുവാൻ ഈ കുഞ്ഞു കവയത്രിയുടെ മനസ്സ് എത്രയോ കൊതിച്ചിരിക്കണം! രോഗാവസ്ഥകളോട് പൊരുതുമ്പോഴും ഗഹനങ്ങളായ സ്വന്തം കവിതകൾകൊണ്ട് വളരെ ചുരുങ്ങിപ്പോയ തന്റെ ജീവിതകാലത്തെ എന്നേയ്ക്കുമായി ഈ കുഞ്ഞ് സഹോദരി അടയാളപ്പെടുത്തിയിരുന്നു.

മോളേ, പ്രായത്തിനു താങ്ങാനാകാത്ത കൊടിയ രോഗാവസ്ഥകളോട് പൊരുതി, കൊടിയ വേദനകളിലും, സഹനത്തിന് കവിതകൊണ്ട് കൈയ്യൊപ്പ് ചാർത്തി, കരുത്ത് കാട്ടിക്കൊണ്ടിരുന്ന നിന്റെയുള്ളിലെ നിശബ്ദമായ നിലവിളികൾ കേട്ട് നമ്മൾ പലപ്പോഴും നടുങ്ങിയിട്ടുണ്ട്. ആ ദൈന്യമാർന്ന നിലവിളികൾ നമ്മുടെ ചങ്കുപൊട്ടിയ്ക്കുമ്പോൾ അണപൊട്ടിയൊഴുകുമായിരുന്ന കണ്ണുനീരിനെ നീ കാണാതെ നമ്മുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ തടഞ്ഞുവച്ചിരുന്നു. ഇപ്പോൾ അത് അണമുറിഞ്ഞിരിക്കുന്നു.

പക്ഷെ നീസാ മോൾ എന്നും നമ്മോടൊപ്പമുണ്ട്. അവളുടെ കണ്ണുകളെ കാലം കൂട്ടിയടച്ചെങ്കിലും ആ കാലത്തിനുതന്നെയും അവൾക്കുനേരേ കണ്ണടയ്ക്കാനാകില്ല. കാരണം അവളുടെ കവിതകൾ കാലത്തിനുനേർക്ക് എന്നും കൺചിമ്മി സംവദിച്ചുകൊണ്ടിരിക്കും.

ഇനി നമ്മുടെ കുഞ്ഞനുജത്തിയ്ക്ക്, പൊന്നു മോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളും, അവളുടെ ഓർമ്മകളെ എന്നെന്നും നമ്മുടെ ഹൃദയങ്ങളോട് ചേർത്തുവയ്ക്കുമെന്നൊരുറപ്പുമല്ലാതെ നമ്മൾ നിസഹായരായ ഈ മനുഷ്യ ജന്മങ്ങൾക്ക് ഇനിയെന്താണ് ചെയ്യാൻ കഴിയുക! കുഞ്ഞ് കവയത്രിയും ബ്ലോഗ്ഗറുമായ നീസാ വെള്ളൂ‍രിന് കണ്ണീരിൽ കുതിർന്ന ആദരാഞ്‌ജലികൾ ! 
http://easajim.blogspot.com/2012/02/blog-post_12.html



ആ കുഞ്ഞു കവിയത്രിയുടെ ആത്മാവിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട്... 

No comments: